കുറച്ചുകാലം മുന്‍പുവരെ ജൂലൈ എട്ടു എന്നെ സംബന്ധിച്ചടുത്തോളം എന്റെ കസിന്റെ  ജന്മദിനം മാത്രമായിരുന്നു. എന്നോ ഒരിക്കല്‍ എന്റെ അമ്മ പറഞ്ഞു ആ ദിവസമാണ് 'പെരുമണ്‍ ' ട്രെയിന്‍ ദുരന്തം ഉണ്ടായേ എന്ന്. പക്ഷെ കേട്ടിട്ടും അതിനെക്കുറിച്ച്‌ അറിയാനോ അന്വേഷിക്കാനോ ഞാന്‍ ശ്രമിച്ചില്ല എന്നതാണ് സത്യം. ആ സംഭവത്തിന്റെ ആഴം ഞാന്‍ തിരിച്ചറിയുന്നെ കേരള കഫെ എന്ന സിനിമയിലെ 'ഐലന്റ് എക്സ്പ്രസ്സ്‌' എന്ന ഹ്രസ്വ ചിത്രം കാണുമ്പോഴാണ്. അതൊരു സിനിമ മാത്രമായിരിക്കാം, പക്ഷെ അതില്‍ കാണിക്കുന്ന ഓരോ ആള്‍ക്കാരുടെയും ജീവിതം നമ്മളെ വല്ലാതെ സ്പര്‍ശിക്കും. നൂറ്റിയഞ്ചു ജീവനുകളാണ് അന്ന് അഷ്ടമുടി കായലില്‍ പൊലിഞ്ഞത്. അപകടത്തെ കുറിച്ച് അന്വേഷിച്ചവര്‍ ട്രെയിന്‍ മറിഞ്ഞത് ചുഴലിക്കാറ്റു കാരണമാണെന്ന് അറിയിച്ചുകൊണ്ട്‌ അന്വേഷണം അവസാനിപ്പിച്ചു. സത്യം ഇപ്പോഴും ആര്‍ക്കും അറിയില്ല. ഇന്നും ആ ദുരന്തത്തില്‍ നഷ്ട്ടപ്പെട്ടവരെ ഓര്‍ത്തു അവരുടെ ഉറ്റവര്‍ വേദനിക്കുന്നു എന്നാ സത്യം ആരും തിരിച്ചറിയാതെ പോകുന്നു.

 ഇപ്പോള്‍ ട്രെയിന്‍ യാത്രകള്‍ പോകുമ്പോള്‍  എപ്പോഴും പെരുമണ്‍ മനസ്സില്‍ ഉണ്ടാകും. ട്രെയിന്‍ പെരുമണ്‍ പാലം എത്തുമ്പോള്‍ വല്ലാത്തെ ഒരു വിഷമം തോന്നും. ഈ  ദുരന്തത്തെ കുറിച്ച് അറിയാവുന്ന ഒരാള്‍ പോലും ഒരു നിമിഷമെങ്കിലും അങ്ങോട്ടേക്ക് നോക്കാതെ ഇരിക്കില്ല. ഇന്നത്തെ ദിവസം നമ്മുടെ രാഷ്ട്രീയക്കാരോ മാധ്യമങ്ങളോ മറന്നിട്ടുണ്ടെങ്കില്‍ അത് വളരെ വേദനാജനകമായ കാര്യമാണെന്ന് ഓര്‍മ്മിപിക്കുന്നു. ഡ്രൈവറിന്റെ അനാസ്ഥയോ അതോ മറ്റു കാരണങ്ങളോ..നഷ്ട്ടപ്പെട്ടത്‌ നഷ്ട്ടപ്പെട്ടവര്‍ക്ക് മാത്രം! ആ അപകടത്തില്‍ നഷ്ട്ടപ്പെട്ടവരെ നമുക്ക് ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം, വേദനയോടെ ഓര്‍ക്കാം..കൂടെ നഷ്ട്ടപ്പെട്ടവര്‍ക്കും. ശങ്കര്‍ രാമകൃഷ്ണന്‍ ഐലന്റ് എക്സ്പ്രസ്സ്‌ എന്ന ചിത്രം പറഞ്ഞു അവസാനിപ്പിക്കുന്ന വാക്കുകള്‍ ഈ ഓര്‍മ്മക്കുറിപ്പ്‌ ചുരുക്കാനായി ഞാന്‍ കടമെടുക്കുന്നു.

' നൂറിലേറെ ജീവന്റെ ഓര്‍മ്മയ്ക്ക്‌, പിന്നെ ഓര്‍മ്മകളില്‍ മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ട് മുന്നില്‍ നില്‍ക്കുന്ന പ്രിയപ്പെട്ടവര്‍ക്ക്..ഈ വഴി കടന്നു പോകുന്ന ഓരോ ഐലന്റ് എക്സ്പ്രസ്സ്‌ നും ഞാനിതു സമര്‍പ്പിക്കുന്നു.'